1/23/2012

സമവാക്യം


നാടോടുമ്പോള്‍ നടുവെയല്ല മുന്നില്‍ തന്നെയോടണം
കണ്ണടച്ചിരുട്ടാക്കി ആടിനെ പട്ടിയാക്കണം
ആസനത്തില്‍ മുളചൊരാല്‍മരം കിരീടമായ് കാക്കണം
ബ്രഹ്മാവും തനിക്കു"വ്വ "യെന്നുള്ള സ്ഥായീഭാവം കരുതണം

പട്ടിക്കു മുഴുവന്‍തേങ്ങ കിട്ടിയപോലെന്നും അഹങ്കാരമെന്നും
ധാര്‍ഷ്ട്യം അടിമത്വം അല്പത്തരമെന്നിങ്ങനെപലതും
മുന്തിരി പുളിയ്ക്കും കുറുക്കന്മാര്‍ പറഞ്ഞേക്കാമെങ്കിലും
ഇല കൊണ്ടോടുന്നവന്റെ ഇലയില്‍ ചവുട്ടി മെക്കിട്ടുകേറണം
നിസ്സഹായത ചൂഷണം ചെയ്തു ഭീരുവായ് ചാപ്പകുത്തണം


ബുദ്ധിപെരുത്തു പൊറുതിമുട്ടിയതായ് തോന്നണമേവര്‍ക്കും
ഒരക്ഷരമാരോടുമുരിയാടാതെ തല കാല്‍മുട്ടില്‍ തട്ടണം
പുച്ഛഭാവം കൊണ്ടെന്നും കുട പിടിക്കണം പിന്നെ
താന്പോരിമക്കൊപ്പം കുടിലത പരമപ്രധാനം തന്നെ

പിന്നെയോ പാര്‍ത്ഥാ ......"അമ്പടാ ഞാനെ" യെന്നമട്ടില്‍
വീമ്പു പറയണം കേള്‍ക്കാന്‍ കൂട്ടത്തിലാളെ കൂട്ടണം
കൂട്ടുചേര്‍ന്നൊട്ടും മടിയാതെ തോളത്തുക്കേറണം
ചെവിതിന്നുതിന്നവനെ പിന്നില്‍നിന്നു തള്ളിയിടണം
പാഠമാകട്ടെ പഠിക്കട്ടെ വേഗമൊരല്‍പ്പം ജീവിതം !


വിനയാഭിനയവും സ്വാര്‍ത്ഥതയും ചേരുവചേര്‍ക്കണം
മുഖസ്തുതിയിട്ടിളക്കി നന്നായ് വാലാട്ടാന്‍ പഠിക്കണം
മരിക്കുന്ന നേരത്തും കൈവെടിയരുതീ സുക്തങ്ങള്‍
ജീവിതവിജയത്തിനീക്കാലത്തു മരുന്നു വേറെയില്ലതന്നെ



2 അഭിപ്രായങ്ങൾ: